Monday, July 26, 2010

സ്വപ്നം

മേഘച്ചാര്‍ത്തിന്‍ മേലേക്കൂടി
തെന്നല്‍ക്കൈകളിലൂഞ്ഞാലാടി
കനവിന്‍ മേട്ടില്‍ പൂക്കള്‍ ചൂടീ
പോയീ വെയിലിന്‍ കൂടും തേടീ

താഴേക്കാട്ടിലെ പൂവിളി കേട്ടൂ
മേലേക്കുന്നിലെ മഞ്ഞില്‍ത്തൊട്ടൂ
പാലച്ചോട്ടിലെ പൂമണമേറ്റൂ
പാടും കിന്നരഗാനം കേട്ടൂ

മാനം നോക്കിച്ചൂളം കുത്തും
പച്ചമുളന്തളിരൊന്നേ നുള്ളീ
ഓടത്തണ്ടിന്നുള്ളില്‍ക്കയറീ
പാടാപാട്ടിന്നീണം മീട്ടീ

നീലക്കടലിന്‍ കുറുകേക്കൂടീ
ആലിലയിട്ടു തോണിയിറക്കീ
നീന്തും ചിറകില്‍ മീനുകള്‍ പാറീ
നീലാകാശച്ചെരുവില്‍ക്കൂടീ

മഴവില്ലൊന്നു നിവര്‍ത്താനായി-
ട്ടൊരുകൈ നീട്ടിയെടുക്കും നേരം
അമ്മയുണര്‍ത്തി, തന്നൂ മുത്തം
മാഞ്ഞ കിനാവിലുമതിമധുരം
**********************

Read more...