ആദ്യത്തെ ക്രിസ്മസ്
കൊച്ചു കൂട്ടുകാരേ, നാളെ ഡിസംബര്‍ 25, വീണ്ടും ഒരു ക്രിസ്മസ് വന്നെത്തിയിരിക്കുന്നു. ക്രിസ്മസ് നക്ഷത്രങ്ങളും പുല്‍ക്കൂടും, അതില്‍ പുഞ്ചിരിതൂകിക്കൊണ്ടു കിടക്കുന്ന ഉണ്ണിയേശുവും ഒക്കെ നമുക്ക് സുപരിചിതമാണ്. തിന്മയുടെ ഇരുട്ടില്‍ ആണ്ടുപോയ ലോകത്തെ വെളിച്ചത്തിലേക്കു നയിക്കാന്‍ മനുഷ്യനായി അവതാരം ചെയ്ത ദൈവമായിരുന്നു ഉണ്ണിയേശു എന്ന് ബൈബിള്‍ പഠിപ്പിക്കുന്നു. അങ്ങനെ, ദൈവം ഒരു മനുഷ്യനായി ഈ ലോകത്തിലേക്ക് വന്നതിന്റെ ഓര്‍മ്മ പുതുക്കുന്ന ദിവസമാണ് ക്രിസ്മസ്. എങ്ങനെയായിരുന്നു അധികമാരും അറിയാതെപോയ ആ ജനനം? ആ കഥ കേള്‍ക്കേണ്ടേ? ഇതാ ബൈബിളില്‍ പറഞ്ഞിരിക്കുന്ന ക്രിസ്മസ് കഥ.
********* ************ *************
സൂര്യന്‍ പടിഞ്ഞാറേ ചക്രവാളത്തില്‍നിന്നും മറഞ്ഞിട്ട് നേരം കുറെയായിരിക്കുന്നു. എങ്ങും ഇരുട്ടുപരക്കാന്‍ തുടങ്ങിക്കഴിഞ്ഞു, ഒപ്പം വീശിയടിക്കുന്ന തണുത്ത കോടക്കാറ്റും. ബേത്‌ലഹേം പട്ടണത്തില്‍ അന്ന് പതിവില്ലാത്ത തിരക്കായിരുന്നു. റോമാചക്രവര്‍ത്തിയായ അഗസ്റ്റസ് സീസര്‍ ഏതാനും ദിവസങ്ങള്‍ക്കുമുമ്പ് ഒരു കല്‍പ്പന വിളംബരം ചെയ്തിരുന്നു. റോമാ സാമ്രാജ്യത്തില്‍ താമസിക്കുന്ന ഓരോ യഹൂദപൗരനും അവരവരുടെ ജന്മദേശത്തു നേരിട്ട് ഹാജരായി അവരുടെ പേരും നിലവിലുള്ള മേല്‍വിലാസവും രേഖകളില്‍ ഉള്‍പ്പെടുത്തണം എന്നതായിരുന്നു ആ കല്‍പ്പന. അതിനാല്‍ ബേത്‌ലെഹേമില്‍നിന്നും ദൂരെ ദേശങ്ങളില്‍പോയി ജോലിചെയ്തു ജീവിക്കുന്ന എല്ലാവരും പട്ടണത്തിലേക്ക് മടങ്ങി വന്നിരിക്കുകയാണ്. വീടുകളിലെല്ലാം വിരുന്നുകാരുടെ തിരക്ക്. വഴിയമ്പലങ്ങളെല്ലാം നിറഞ്ഞിരിക്കുന്നു. ഒരിടത്തും സ്ഥലമില്ല.
വീശിയടിക്കുന്ന കാറ്റിനെ വകവയ്ക്കാതെ ഒരു കുടുംബം ആ തെരുവിലൂടെ നടക്കുകയാണ് - ചെറുപ്പക്കാരനായ ഒരു മനുഷ്യനും, അയാളോടൊപ്പം ഒരു കഴുതപ്പുറത്ത് ഗര്‍ഭിണിയായ ഭാര്യയും. നീണ്ട യാത്രയാല്‍ അവര്‍ വല്ലാതെ ക്ഷീണിച്ചിരിക്കുകയാണെന്നു മുഖം കണ്ടാല്‍ അറിയാം. ആ സ്ത്രീ വേദനയാല്‍ നിലവിക്കുന്നുണ്ട്. അവള്‍ക്ക് പ്രസവവേദന ആരംഭിച്ചിരിക്കുന്നു. അവളുടെ ഭര്‍ത്താവ് പ്രതീക്ഷയോടെ ഓരോ സത്രങ്ങളുടെവാതിലിലും മുട്ടുകയാണ്, ഒരല്‍പ്പം ഇടംതരാനുണ്ടോ എന്ന അന്വേഷണത്തോടെ. ഒരിടത്തും പ്രതീക്ഷയ്കു വകയില്ല. സമയം കടന്നുപോകുന്നു. എന്തുചെയ്യണമെന്നറിയാതെ അവര്‍ ആകെ വിഷമിച്ചു.
താഴെയിരുന്ന് വല്ലാതെ വിമ്മിഷ്ടപ്പെടുന്ന ആ സാധുസ്ത്രീയോട് സഹതാപം തോന്നിയ ആരോ അവരെ ഒരു സത്രത്തിനു പിന്നിലുള്ള കാലിത്തൊഴുത്തിലിലേക്ക് കൂട്ടിക്കൊണ്ടുപോയി. അവിടെ ഒരു കോണില്‍ ഒഴിഞ്ഞസ്ഥലത്ത് ഇരുത്തി. ആശ്വാസം, അത്രയെങ്കിലും സ്ഥലം ലഭിച്ചുവല്ലോ. താമസിയാതെ അവിടെ അവള്‍ ഒരു ഓമനക്കുഞ്ഞിനെ പ്രസവിച്ചു. വൈക്കോല്‍ വിരിപ്പില്‍ ഒരു തുണിയിട്ട് മെത്തയൊരുക്കി, കീറത്തുണികളില്‍ പൊതിഞ്ഞ്, ആ പുല്‍ക്കൂടിന്റെ ഒരു കോണില്‍ ആ കുഞ്ഞിനെ അവള്‍ കിടത്തി. ഒപ്പം ക്ഷീണിതയായ ആ അമ്മയും. തൊഴുത്തില്‍ മുനിഞ്ഞുകത്തുന്ന വിളക്കിന്റെ അരണ്ട പ്രകാശത്തില്‍, ശാന്തമായി ഉറങ്ങുന്ന ആ ശിശുവിന്റെ മുഖംകണ്ട് അവര്‍ വേദനയെല്ലാം മറന്ന് സന്തോഷക്കണ്ണീര്‍ പൊഴിച്ചു. പുല്‍ക്കൂട്ടില്‍ ഉറങ്ങുന്ന ആ കുഞ്ഞ് ആരാണെന്ന് മനസ്സിലായോ - മനുഷ്യനായി അവതരിച്ച ഉണ്ണിയേശുവായിരുന്നു ആ കുഞ്ഞ്! യേശുവിന്റെ അമ്മയായ മറിയവും, വളര്‍ത്തച്ഛനായ ജോസഫും ആയിരുന്നു ആ ദമ്പതികള്‍. നക്ഷത്രങ്ങളുടെയും മാലാഖമാരുടെയും നാട്ടില്‍ വാഴുന്ന സര്‍വ്വശക്തനായ ദൈവം ഒരു മനുഷ്യശിശുവായി ആ പുല്‍ക്കൂട്ടില്‍ കിടക്കുന്ന വിസ്മയകരമായ കാഴ്ചകണ്ട് മാലാഖമാര്‍ അത്ഭുതത്തോടെ അദൃശ്യരായി ആ കാലിത്തൊഴുത്തിനുള്ളില്‍ നിന്നു! മേലെ ആകാശത്ത് ആയിരമായിരം നക്ഷത്രങ്ങള്‍ കണ്ണുചിമ്മി. അവയ്ക്കിടയില്‍ പുതിയൊരു നക്ഷത്രം ഉദിച്ചുയര്‍ന്നു.
********* ************ *************
നഗരത്തിനുവെളിയിലുള്ള ഒരു മലഞ്ചെരുവില്‍, തങ്ങളുടെ ആട്ടിന്‍കൂട്ടത്തിനു കാവലായി, അടുത്തുതന്നെ തീയും കൂട്ടി തണുപ്പകറ്റുന്ന ഇടയന്മാര്‍. പെട്ടന്ന് ഒരു വലിയ പ്രകാശം അവരുടെ ചുറ്റും മിന്നി. പാതിരാവില്‍ സൂര്യനുദിച്ചുവോ? അതോ ഇടിമിന്നലോ? പേടിച്ചുപോയ അവര്‍ പ്രകാശത്തിന്റെ ഉറവിടമന്വേഷിച്ച് മുകളിലേക്ക് നോക്കി. അവിടെയതാ ഉജ്വലമായ ഒരു പ്രകാശധാരയില്‍ തൂവെള്ളവസ്ത്രങ്ങള്‍ ധരിച്ച ഒരു മാലാഖനില്‍ക്കുന്നു. മാലാഖ അവരോട് ഇങ്ങനെ പറഞ്ഞു: "ഇടയന്മാരേ, നിങ്ങള്‍ ഭയപ്പെടേണ്ടാ. നല്ലൊരു സന്തോഷവാര്‍ത്ത നിങ്ങളെ അറിയിക്കുവാനാണ് ഞാന്‍ വന്നിരിക്കുന്നത്. യേശുക്രിസ്തു എന്നൊരു രക്ഷകന്‍ നിങ്ങള്‍ക്കായി ഇന്ന് ബേത്‌ലെഹേമില്‍ ജനിച്ചിരിക്കുന്നു. ആ ദിവ്യശിശുവിനെ കണ്ടെത്താനുള്ള അടയാളം എന്താണെന്നറിയാമോ, കീറ്റുതുണികളില്‍ പൊതിഞ്ഞ് പുല്‍ക്കൂട്ടില്‍ കിടത്തിയിരിക്കുന്ന ഒരു കുഞ്ഞിനെ നിങ്ങള്‍ക്കു കാണാം."
പെട്ടന്ന് മാലാഖമാരുടെ ഒരു വലിയസംഘം ആകാശത്തില്‍ അണിനിരന്ന് ഇങ്ങനെ പാടി
"അത്യുന്നതങ്ങളില്‍ ദൈവത്തിന് മഹത്വം..
ഭൂമിയില്‍ സന്മനസ്സുള്ളവര്‍ക്ക് സമാധാനം".
മാലാഖമാര്‍ സ്വര്‍ഗ്ഗത്തിലേക്ക് പോയതിനുശേഷം, ഇടയന്മാര്‍ ആ ദിവ്യശിശുവിനെ കാണുവാനായി പുറപ്പെട്ടു. ഓരോ സത്രങ്ങളിലും അവര്‍ അന്വേഷിച്ചു. അവസാനം ഒരു കാലിത്തൊഴുത്തിലെ പുല്‍ക്കൂട്ടില്‍ അവര്‍ മാലാഖമാര്‍ പറഞ്ഞ കുഞ്ഞിനെ കണ്ടെത്തുകതന്നെ ചെയ്തു. അത്യന്തം സന്തോഷത്തോടെ കുഞ്ഞിനെ കണ്ടുവണങ്ങി അവര്‍ തിരികെപ്പോയി.
********* ************ *************
ബേത്‌ലഹേം സ്ഥിതിചെയ്തിരുന്ന യൂദിയ രാജ്യത്തില്‍നിന്നും വളരെ ദൂരെ കിഴക്കുദിക്കിലുള്ള മൂന്നു രാജ്യങ്ങളില്‍ വാനശാസ്ത്രവിദ്ഗ്ധരായ മൂന്നു ജ്ഞാനികള്‍ ഉണ്ടായിരുന്നു. നക്ഷത്രങ്ങളെ നിരീക്ഷിക്കുകയും അവയെപ്പറ്റി പഠിക്കുകയുമായിരുന്നു അവരുടെ ജോലിയും വിനോദവും. അങ്ങു പടിഞ്ഞാറേ ചക്രവാളത്തില്‍ പുതുതായി ഉദിച്ചുയര്‍ന്ന പ്രകാശമേറിയ ഒരു നക്ഷത്രം അവരുടെ ശ്രദ്ധയില്‍പ്പെട്ടു. അവര്‍ ആ താരകത്തിന്റെ നിലയും, അത് ഉദിച്ചുയര്‍ന്ന സമയവും ഗണിച്ച് ഒരു തീരുമാനത്തിലെത്തി. പടിഞ്ഞാറുദിക്കിലെവിടെയോ ഒരു ദിവ്യശിശു ജനിച്ചിരിക്കുന്നു. ആ കുഞ്ഞിനെ കണ്ട് കാഴ്ചകള്‍ വച്ചു വണങ്ങണം. ചിലപ്പോള്‍ മാസങ്ങള്‍ തന്നെ നീളുന്ന യാത്രയാവാമിത്. പക്ഷേ ഒരു മനുഷ്യായുസ്സില്‍ എപ്പോഴും ലഭിക്കാത്ത ഭാഗ്യമാണിത്. കഷ്ടപ്പാടുകള്‍ സാരമില്ല, പുറപ്പെടുകതന്നെ.
കാഴ്ചവയ്ക്കാനുള്ള സമ്മാനങ്ങളുമായി, മൂന്ന് ഒട്ടകങ്ങളുടെ മേലേറി ആ ജ്ഞാനികള്‍ നക്ഷത്രം കണ്ട ദിക്കിലേക്ക് പുറപ്പെട്ടു. വഴിയില്‍ വച്ച് അവര്‍ പരസ്പരം കണ്ടുമുട്ടി. നക്ഷത്രം അവര്‍ക്കു പോകാനുള്ള വഴികാട്ടിയായി. (ഈ നക്ഷത്രത്തിന്റെ ഓര്‍മ്മയ്കായാണ് ക്രിസ്മസ് കാലത്ത് വീടുകളില്‍ നക്ഷത്രവിളക്കുകള്‍ തൂക്കുന്നത്). വളരെ കഷ്ടപ്പാടുകള്‍നിറഞ്ഞ നീണ്ട ആ യാത്രയ്ക്കൊടുവില്‍ അവര്‍ ബേത്‌ലെഹേമില്‍ എത്തുകയും ഉണ്ണിയേശുവിനെ കണ്ടെത്തി, പൊന്നും മീറയും, കുന്തിരിക്കവും കാഴ്ചകളായി നല്‍കുകയും ചെയ്തു.
********* ************ *************
ക്രിസ്മസ് നല്‍കുന്ന സന്ദേശം എന്താണെന്നു കൂട്ടുകാര്‍ക്കറിയാമോ? ദൈവം സ്നേഹവാനാണ്. ദൈവത്തിനു നമ്മോട് സ്നേഹമുള്ളതുപോലെ നമ്മളും പരസ്പരം സ്നേഹിക്കുകയും ബഹുമാനിക്കുകയും അന്യോന്യം സഹായിക്കുകയും ചെയ്യുക എന്നതാണ് ദൈവത്തിന്റെ ഇഷ്ടം. ധനവും, പ്രതാപവും, അഹങ്കാരവും ഉള്ളിടത്തല്ല, സ്നേഹം ഉള്ളതെവിടെയോ അവിടെയാണ് ദൈവം ഇരിക്കുന്നത്. അതാണ് ക്രിസ്മസിന്റെ സന്ദേശം.
എല്ലാവര്‍ക്കും ക്രിസ്മസ് ആശംസകള്‍!!
നമ്മുടെ കിരണ്‍സ് ചേട്ടന്‍ ഒരു ക്രിസ്മസ് പാട്ട് പാടിയിരിക്കുന്നത് കേള്‍ക്കണോ? ദേ ഇവിടെ ക്ലിക്ക് ചെയ്യൂ