Thursday, October 25, 2007

അരുണോദയം

അങ്ങുകിഴക്കേമാനത്തൊരുപൊന്‍-
‘പെരുമീനൊ‘ളിതൂകീടുമ്പോള്‍
അതിലും താഴെയൊരിത്തിരിവെട്ടം
കുന്നിന്‍‌മേലേ കാണാറായ്

ഇരുളിന്‍കമ്പിളിനീക്കീ സൂര്യന്‍
മന്ദമിതാവന്നെത്തുന്നൂ
‘ഉണരൂവേഗമിതരുണോദയമായ്‘
കാഹളമൂതി പൂങ്കോഴി

ആ വിളികേട്ടിട്ടാവാംകിളികള്‍
കലപിലകലപില കൂട്ടുന്നു
ചക്കരമാവിന്‍ കൊമ്പിലിരുന്നൊരു
പൂങ്കുയില്‍നീട്ടിപ്പാടുന്നു.

മുല്ലപ്പൂമണമോലുമിളംകാ-
റ്റാവഴിമന്ദം വീശുന്നൂ
പുല്ലിന്‍ തുമ്പിലുറഞ്ഞൊരുമഞ്ഞിന്‍
തുള്ളികളെല്ലാമുണരുന്നു

പൂന്തോപ്പില്‍നറുതേനൂറുംചെറു
പൂക്കള്‍ പുഞ്ചിരിതൂകുന്നു
അവയില്‍നിന്നുംതേന്‍ നുകരാന്‍ ചെറു
പൂമ്പാറ്റകള്‍വന്നെത്തുന്നൂ

പൊന്‍പ്രഭതൂകുംപൊന്‍‌വെയിലില്‍ നെല്‍-
പ്പാടമണിഞ്ഞൂ പൊന്നാട!
പൊന്‍‌നിറമോലും നെല്‍ക്കതിര്‍തിന്നാ-
നെത്തീതത്തകളൊരുപറ്റം.

ഉണരൂ നീയെന്നുണ്ണീ, പുലരി-
ക്കിണ്ണം പൊന്‍‌കണി വയ്ക്കുന്നു
അതിമോഹനമീക്കണികാണാനീ-
ക്കതിര്‍മിഴിയൊന്നുതുറക്കൂനീ.*പെരുമീന്‍ = ശുക്രന്‍ (venus)സൂര്യോദയത്തിനു മുമ്പ് കാണപ്പെടുന്നത്

ചിത്രീകരണം : സഹയാത്രികന്‍

26 അഭിപ്രായങ്ങള്‍:

G.manu October 24, 2007 at 2:32 PM  

kalakki mashey.........

സുല്‍ |Sul October 24, 2007 at 2:34 PM  

അപ്പു
നല്ല കലക്കന്‍ കവിത
തേങ്ങ പോയാലും ഒരു തേങ്ങയാ...
“ഠേ........”
-സുല്‍

മഴത്തുള്ളി October 24, 2007 at 2:35 PM  

അപ്പൂ,

ഇത്തവണയും തകര്‍ത്തല്ലോ :) നല്ല ഈണത്തോടെ ചൊല്ലാന്‍ പറ്റിയ കവിത.

ഇനിയും പോരട്ടെ കവിതകള്‍.

ശ്രീ October 24, 2007 at 3:18 PM  

അപ്പുവേട്ടാ...

മനോഹരമായ കുട്ടിക്കവിത തന്നെ ഇതും.
“ഉണരൂ നീയെന്നുണ്ണീ, പുലരി-
ക്കിണ്ണം പൊന്‍‌കണി വയ്ക്കുന്നു
അതിമോഹനമീക്കണികാണാനായ്
മടിയാതെഴുനേറ്റാലും നീ.”

:)

സഹയാത്രികന്‍ October 24, 2007 at 3:37 PM  

കലക്കി മാഷേ...
അടിപൊളി...

:)

ചന്ദ്രകാന്തം ചേച്ചി ഓടി വരൂ... ഒരു നാലു വരി കൂടി കമന്റൂ...

:)

ഓ;ടോ : ശ്രീ ...അതെന്ന്യാ നിന്നോടും പറയാള്ളേ...
:)

സാജന്‍| SAJAN October 24, 2007 at 3:41 PM  

......കവിയുടെ ഭാവന ഗംഭീരം!
പ്രത്യേകിച്ച് കോഴി കൂവുന്നതിനെ കാഹളത്തോടും, ഇരുളിനെ കമ്പിളിയോടും ഉപമിച്ച രണ്ടാമത്തെ ഖണ്ഡിക തന്നെ നോക്കൂ, എത്ര മനോഹരമായിരിക്കുന്നു.
അഞ്ചാമത്തെ ഖണ്ഡികയില്‍ വയലിനെ പൊന്നിനോട് ഉപമിച്ചത്, കവിതയ്ക്ക് തിളക്കമേറ്റുന്നു എന്ന് പറയാതെ വയ്യ,
അവസാനം കവി നിര്‍ത്തിയിരിക്കുന്നത് നോക്കൂ
ഒരു പൊന്‍‌കണി പോലെ സൂര്യന്‍ ഉദിച്ചുയരുന്നത് കാണാന്‍ വേഗമെഴുന്നേല്‍ക്കൂ എന്റെ ഉണ്ണിയേ എന്ന അഭിവാദ്യത്തോടെയാണ്.......

അപ്പൊ കവിത എല്ലാര്‍ക്കും മനസ്സിലായല്ലൊ എന്തെങ്കിലും സംശയമുണ്ടെങ്കില്‍ ചോദിക്കാം , കൂടാതെ നാളെ എല്ലാവരും ഈ കവിത കാണാപ്പാഠം പഠിച്ചിട്ട് മാത്രം കളാസ്സില്‍ വന്നാല്‍ മതി!!!

P.R October 24, 2007 at 4:24 PM  

വളരെ ഇഷ്ടമായി ഇത്,
പതുക്കെ എല്ല്ലാം വായിച്ചു വരുന്നു..

കുഞ്ഞന്‍ October 24, 2007 at 4:28 PM  

അപ്പൂട്ടാ ..

ഇഷ്ടായിട്ടോ..!

വാല്‍മീകി October 24, 2007 at 7:01 PM  

വളരെ നന്നായിട്ടുണ്ട്.

സു | Su October 24, 2007 at 7:17 PM  

അപ്പൂ :) കവിത ഇഷ്ടമായി.

മുരളി മേനോന്‍ (Murali K Menon) October 24, 2007 at 8:23 PM  

ഒന്നു ചുരുണ്ടുകൂടി ഉറങ്ങാന്നു വെച്ചാലും ഈ അപ്പു സമ്മതിക്കില്ല. അപ്പോഴേക്കും ഓരോന്നു പറഞ്ഞു വിളിച്ചുണര്‍ത്തും. എന്തായാലും ഉണര്‍ന്നതു നന്നായി. സൂര്യകിരണങ്ങളില്‍ തുടങ്ങി പ്രകൃതിയുടെ എല്ലാ ചലനങ്ങളിലൂടേയും എന്നെ കൊണ്ടുപോയ അപ്പുവിനു നന്ദി പറഞ്ഞുകൊണ്ട്, അടുത്ത കവിത കേള്‍ക്കുവാന്‍ ഉണര്‍ന്നു തന്നെ ഇരിക്കുന്നു.

സ്വപ്നാടകന്‍,  October 25, 2007 at 1:11 AM  

ഒരു പുലരിയുടെ പല മുഖങ്ങളെ, തലങ്ങളെ അവതരിപ്പിച്ച് ഒരു മനോഹരമായ visual ഒരുക്കിയിരിക്കുന്നു അപ്പുമാഷ് ഈ കവിതയിലൂടെ. സ്ലോ മോഷനായി ഒരു പ്രഭാതം പൊട്ടി വിടരുന്നതു കണ്ട പ്രതീതി!

ഏ.ആര്‍. നജീം October 25, 2007 at 1:23 AM  

അപ്പൂ..: നന്നായിരിക്കുന്നു..

ചന്ദ്രകാന്തം October 25, 2007 at 7:36 AM  

സകല ചരാചര പാലകനാകും
പകലോനു,യിരാര്‍ന്നുയരും നേരം
പകരും ചൈതന്യാമൃത പാനം
മരുവും ദിന,മിതിലുടനീളം...

അപ്പു October 25, 2007 at 9:02 AM  

പ്രഭാതം പൊട്ടിവിടരുന്നതുകാണാനെത്തിയ എല്ലാവര്‍ക്കും നന്ദി.

ഇവിടെ അഭിപ്രായങ്ങള്‍ പറഞ്ഞ മനു, സുല്ല്, മഴത്തുള്ളി, ശ്രീ, സഹയാത്രികന്‍, സാജന്‍, പി.ആര്‍, കുഞ്ഞന്‍, പ്രിയ, നിഷ്ക്കളങ്കന്‍, വാല്‍മീകി, സുവേച്ചി, മുരളിമാഷ്, മനോജ്, നജീം, ചന്ദ്രകാന്തം എന്നിവര്‍ക്ക് നന്ദി.

നാലുവരിക്കവിതാകമന്റിന് ചന്ദ്രകാന്തത്തിനു പ്രത്യേകം നന്ദി.

ശിശു October 25, 2007 at 9:47 AM  

എങ്ങുമിരുട്ടുകളിച്ചുപുളക്കണ
കണ്ടുമടുത്തതു തീര്‍ക്കാനായ്
താനെയെരിഞ്ഞുമരിച്ചീടുകിലും
പാരിനു പൊന്‍പ്രഭയേകുന്നു

ഉണരൂനീയെന്നുണ്ണീ കാണുക
യൊരുത്യാഗത്തിന്‍ പാഠമിതില്‍
വളരും വേളയിലുള്ളില്‍കരുതുക
പ്രഭയായ്തീര്‍ന്നുവിളങ്ങീടാന്‍.


അപ്പൂ, ചൂണ്ടിക്കാണിക്കുവാന്‍ താളപ്പിഴകളൊന്നുമവശേഷിപ്പിക്കാതെ മനോഹരമാക്കിയിരിക്കുന്നു ഇക്കുറി..
അഭിനന്ദനങ്ങളോടെ..
ശിശു

മന്‍സുര്‍ October 26, 2007 at 10:12 PM  

അപ്പു....

ഇഷ്ടായി ഈ കവിത.....


നന്‍മകള്‍ നേരുന്നു

ആവനാഴി October 27, 2007 at 9:15 AM  

വശ്യമായ കവിത.

അതെ, രാത്രി മുഴുവന്‍ ഇരുട്ടിന്റെ കമ്പിളീ മൂടിപ്പുതച്ചുകിടന്നുറങ്ങുന്ന സൂര്യന്‍ പതുക്കെ തന്റെ കമ്പിളീപ്പുതപ്പു വലിച്ചുനീക്കി ഉണര്‍ന്നെഴുനേല്‍ക്കുകയാണു. ഇതിനെയാണു അതിമനോഹരമായ ഭാവന എന്നു പറയുന്നത്.

കവിതയ്ക്കുടനീളം കിനിഞ്ഞുനില്‍ക്കുന്ന ഒന്നുണ്ട്: പൊന്ന്. പൊന്‍പെരുമീന്‍, പൊന്‍പ്രഭ, പൊന്‍‌വെയില്‍‍, പൊന്‍‌നിറം, പൊന്‍‌കണി.. അങ്ങിനെ പൊന്നു കൊണ്ട് അഭിഷേകം നടത്തുകയാണു കവി ഈ കവിതയില്‍ ചെയ്യുന്നത്.

എന്തായിരിക്കാം കവി പൊന്നിനെ ഇതമാത്രം ആഘോഷിക്കാന്‍ കാരണം എന്നു ചിന്തിക്കുന്നത് വളരെ ഉചിതമായിരിക്കും. കുട്ടിക്കവിതകളുടെ ലാളിത്യം മുഖപ്പുവച്ച തീവ്രയാത്ഥാര്‍ദ്ധ്യങ്ങളിലേക്കു വിരല്‍ ചൂണ്ടുകയാണു കവി ഇവിടെ ചെയ്യുന്നത്.

ദക്ഷിണാഫ്രിക്കയിലേയും റഷ്യയിലേയും സ്വര്‍ണ്ണഖനികളീല്‍ ചോരനീരാക്കുന്ന തൊഴിലാളികളുടെ ജീവസ്പന്ദനമാണു കവി ഭംഗ്യന്തരേണ ഇവിടെ വിവരിക്കുന്നത്.

ഭൂമിയുടെ ഗര്‍ഭഗൃഹത്തിലേക്കു ആഴങ്ങള്‍ താണ്ടി ഇറങ്ങിച്ചെല്ലുന്ന പാവപ്പെട്ട ഖനിത്തൊഴിലാളികള്‍. അവിടെ അത്യുഗ്രമായ ചൂടില്‍ ജീവന്‍ പോലും പണയം വച്ച് ശിലകളില്‍ സ്വര്‍ണ്ണലോഹമലിഞ്ഞുചേര്‍ന്ന പാറകളെ തുരന്നു പൊട്ടിച്ചെടുക്കുന്നു.

എത്രയെത്ര ജീവിതങ്ങള്‍ ആ ഖനികളില്‍ അവിചാരിതമായി നടക്കുന്ന സ്ഫോടനങ്ങളില്‍ പൊലിഞ്ഞില്ലാതാകുന്നു! എന്തിനു വേണ്ടി? സ്വര്‍ണ്ണദാഹികളായ മനുഷ്യര്‍ക്കു പൊന്‍‌കിണ്ണം തീര്‍ക്കാന്‍, പൊന്‍‌മാല തീര്‍ക്കാന്‍,എന്തിനേറെ ഇറാനിലെ സ്ഥാനഭ്രഷ്ടനാക്കപ്പെട്ട ഷായുടെ പ്രൈവറ്റ് എയര്‍ക്രാഫ്റ്റിലെ വിസര്‍ജ്ജനപാത്രം തീര്‍ക്കാന്‍.

കവിതയിലെ പാല്‍പ്പുഞ്ചിരിക്കു മറവില്‍ കവി അനുഭവിക്കുന്നത് അത്യുഗ്രമായ വേദനയാണു. ആ പാവപ്പെട്ട തൊഴിലാളികളെക്കുറിച്ചുള്ള വേദന.. സ്വര്‍ണ്ണം കുഴിച്ചെടുക്കുന്ന ആ തൊഴിലാളികള്‍ക്ക് ആ സ്വര്‍ണ്ണമണിയാന്‍ കഴിയുന്നില്ല. അവര്‍ തങ്ങളുടെ വിശപ്പു തീര്‍ക്കാന്‍ വേണ്ടിയാണു ഇത്രയും കഠിനമായ ജോലി ചെയ്യുന്നത്.

ഈ കവിതയിലൂടെ രണ്ടു മുഖങ്ങള്‍ സന്നിവേശിപ്പിച്ച കവിയുടെ സര്‍ഗ്ഗാല്‍മകത സ്തുത്യര്‍ഹമാണു.

ആവനാഴി October 27, 2007 at 8:12 PM  

ഇവിടെ കവി ഖനിത്തൊഴിലാളികളുടെ വേദനയില്‍ അസ്വസ്ഥനാകുക മാത്രമല്ല ചെയ്യുന്നത്. അവരോടു സംഘടിക്കാനും ഉയര്‍ത്തെഴുനേല്‍ക്കാനും നിലവിലുള്ള അനീതികളോടു പടപൊരുതാനും തദ്വാരാ അവരുടെ ജീവിതത്തില്‍ ഒരു പുതിയ "പുലരിക്കിണ്ണം പൊന്‍‌കണി വക്കുന്നതു" കാണാന്‍ അവരെ ആഹ്വാനം ചെയ്യുകയും ചെയ്യുന്നു.

ഉണരൂ നീയെന്നുണ്ണീ, പുലരി-
ക്കിണ്ണം പൊന്‍‌കണി വയ്ക്കുന്നു
അതിമോഹനമീക്കണികാണാനായ്
മടിയാതെഴുനേറ്റാലും നീ.


കവി, അവരോടു മടിവിട്ടെഴുനേല്‍ക്കാന്‍ ആഹ്വാനം ചെയ്യുകയാണു.

"ക്ഷുദ്രം ഹൃദയദൌര്‍ബ്ബല്യം ത്യക്തോത്തിഷ്ടപരം തപ: " എന്ന വാക്യത്തെ ഓര്‍മ്മിപ്പിക്കുകയും ചെയ്യുന്നുണ്ട് കവിയുടെ ആഹ്വാനം.

ഖനിത്തൊഴിലാളികളേ, തളരാതെ മുന്നേറൂ! നിങ്ങള്‍ക്കു നഷ്ടപ്പെടുവാന്‍ ഒന്നുമില്ല. ഒരു നല്ല നാളേക്കുവേണ്ടി ഒരു “പുലരിപ്പൊന്‍‌കിണ്ണം”കണികണ്ടുണരുവാന്‍ നിങ്ങള്‍ സംഘടിക്കൂ സമരം ചെയ്യൂ. വിജയം നിങ്ങളുടേതാണ്. നിങ്ങളുടേതു മാത്രം! ‍

ശ്രീലാല്‍ October 28, 2007 at 5:23 AM  

ഇപ്പൊഴല്ലെ ഒന്നു നടു നീര്‍ത്തിരുന്ന് ഇതൊന്നു വായിക്കാന്‍ പറ്റിയത് ?

ആവനാഴിയുടെ കമന്റീന്റെ ആദ്യ വാചകത്തിനു എന്റെ ഒരു കൈയൊപ്പ്. വശ്യം. മനോഹരം. നിറയട്ടെ ബൂലോകം കുട്ടിക്കവിതകള്‍ കൊണ്ട്. എനിക്ക് എറ്റവും ഇഷ്ടപ്പെട്ട വരികള്‍
"പുല്ലിന്‍ തുമ്പിലുറഞ്ഞൊരുമഞ്ഞിന്‍
തുള്ളികളെല്ലാമുണരുന്നു"

വെയിലേറ്റുതിളങ്ങുന്ന ഒരു മഞ്ഞുതുള്ളിയില്‍ പുലരിയുടെ മുഴുവന്‍ തിളക്കവും.

അഭിനനങ്ങള്‍ അപ്പുമാഷെ..

മറ്റൊരാള്‍\GG October 30, 2007 at 2:27 PM  

അപ്പുവിന്റെ കവിത വായിച്ചു. കുട്ടികള്‍ക്ക്‌ പാടാനും, അവര്‍ക്ക്‌ പാടികൊടുക്കാനും പറ്റിയ, ലളിതവും, നല്ല ഈണവുമുള്ള മനോഹരമായ ഒരു കുട്ടിക്കവിത എന്ന് എനിയ്ക്കും തോന്നുന്നു. ഉദ്യമം നന്നായിരിക്കുന്നു. പലരും ഇതിനെ ഇതിനോടകം പകര്‍ത്തിയിട്ടുണ്ടാവണം.

കമന്റുകള്‍ വായിച്ചതില്‍ ഈ കുട്ടിക്കവിതയെ, ആഫ്രിക്കയിലേയും, റഷ്യയിലേയും ഖനിതൊഴിലളികളുടെ ഹൃദയവികാരങ്ങളോടൊക്കെ ഉപമിച്ചത്‌ വളരെ ആശ്ചര്യകരമായിരിക്കുന്നു!ചുരുക്കിപറഞ്ഞാല്‍ അപ്പുവിന്റെ കവിതകള്‍ പാബ്ലോ നെരൂദ (Pablo Neruda,ഷോയിങ്ക (Wole Soyinka) തുടങ്ങിയവരുടെ കൃതികളോടും കിട പിടിക്കും!!

പിന്നെ ഈ കവിതയില്‍ ചില ബ്ലോഗര്‍മാരുടെ പേരുകളും കാണുന്നു, ഉദാ: മുല്ലപ്പൂ, വിശ്വപ്രഭ (പൊന്‍പ്രഭ), സൂര്യോദയം, ഇത്തിരിവെട്ടം, പൂമ്പാറ്റ, തത്തമ്മ, തുടങ്ങിയവര്‍. ഇതിന്റെയൊക്കെ അര്‍ത്ഥമെന്താണാവോ?

ഹരിശ്രീ November 3, 2007 at 12:09 PM  

അപ്പ്വേട്ടാ

കവിത നന്നായി

ആശംസകള്‍..

ധ്വനി | Dhwani November 5, 2007 at 6:53 PM  

ഉണ്ണിക്കവിതകള്‍ എനിയ്ക്കൊരുപാടിഷ്ടം!!

ഈ കവിത നല്ല ഈണത്തില്‍ ചേര്‍ത്തിരിയ്ക്കുന്നു. നന്ന്!

അവസാന വരി;

അതിമോഹനമീ കണി കാണാനീ
കതിര്‍ മിഴി മെല്ലെ തുറന്നീടൂ

എന്നാക്കിയാല്‍ താളം പൂര്‍ണ്ണമാവുമോ!

(ശ്രമിച്ചാല്‍ അപ്പുവിനു തന്നെ ഇതൊന്നു നോക്കി ശരിയാക്കാലോ! അവസാന വരിയില്‍ ഈണം ഇല്ല!!)

ഗീത് November 19, 2007 at 9:12 PM  

സുപ്രഭാതം സുപ്രഭാതം സുപ്രഭാതം.....