കയ്‌ക്കുന്ന കോവയ്ക്ക (കുട്ടിക്കഥ)
കൊച്ചുകൂട്ടുകാര്‍ക്കെല്ലാവര്‍ക്കും പുതുവത്സരാശംസകള്‍. ഒരു കഥകേട്ടിട്ട് കുറേ നാളായില്ലേ. പഴയൊരു മുത്തശ്ശിക്കഥ പറയാം.
പണ്ട് പണ്ട് ഒരു ഗ്രാമത്തില്‍ രണ്ടുകുട്ടികളുണ്ടായിരുന്നു, ദാമുവും ഗോപുവും. രണ്ടുപേരും നല്ല കൂട്ടുകാര്‍. അന്ന് ഇന്നത്തെപ്പോലെ സ്കൂളുകളൊന്നുമില്ല കേട്ടോ. ആശാന്‍പള്ളിക്കൂടത്തിലാണ് രണ്ടുപേരും അക്ഷരം പഠിക്കുവാന്‍ പോകുന്നത്. ദാമു ഒരു വികൃതിയായിരുന്നു. ഒരു ദിവസം പള്ളിക്കൂടത്തില്‍ നിന്നും തിരികെ വരുന്നവഴി ഒരു പറമ്പില്‍ നിറയെ നല്ല കോവയ്ക്ക വിളഞ്ഞുനില്‍ക്കുന്നതു കണ്ടു.
ദാമു പറഞ്ഞു: “എടാ ഗോപൂ, നോക്കടാ നല്ല കോവയ്ക്ക. ഇത് വറവാക്കി തിന്നാന്‍ എന്തു രസമാണെന്ന് നിനക്കറിയാമോ? വാ നമുക്ക് ഇത് കുറച്ച് പറിച്ചെടുത്തുകൊണ്ട് വീട്ടില്‍ പോകാം”
അതു കേട്ട് ഗോപു പറഞ്ഞു : “വേണ്ടാ ദാമൂ, ഇത് മറ്റാരോ കൃഷി ചെയ്തിരിക്കുന്നതല്ലേ, ആരെങ്കിലും കാണും”
“ആരും കാണുകയില്ല, നീ വാ” ദാമു ഗോപുവിനെ സമാധാനിപ്പിച്ചു. അങ്ങനെ ആരും കാണാതെ അവര്‍ രണ്ടുപേരും ഓരോ ഇലക്കുമ്പിള്‍ നിറയെ കോവയ്ക്കയും പറിച്ചുകൊണ്ട് വീട്ടിലെത്തി.
ദാമുവിന്റെ അമ്മയ്ക്കു സന്തോഷമായി. അവര്‍ കോവയ്ക്ക അരിഞ്ഞ് ദാമുവിന് നല്ല കറിയും, വറവും ഒക്കെയുണ്ടാക്കി കൊടുത്തു. ഗോപു കോവയ്ക്കയുമായി എത്തിയപ്പോള്‍ അവന്റെ അമ്മ അതെവിടെനിന്നാണെന്ന് ചോദിച്ചു മനസിലാക്കി. അവരെന്തുചെയ്തുവെന്നോ. ഗോപുവിനെ വഴക്കൊന്നും പറഞ്ഞില്ല. പകരം ഗോപുവിന്റെ അമ്മയും കോവയ്ക്ക കറിവച്ചു. പക്ഷേ അതില്‍ ഒരു കാഞ്ഞിരക്കുരുകൂടി ചേര്‍ത്താണ് അവന്റെ അമ്മ കറിയുണ്ടാക്കിയത്! കാഞ്ഞിരക്കുരു എന്താണെന്ന് കൂട്ടുകാര്‍ക്കറിയാമോ? ഭയങ്കര കയ്‌പ്പുള്ള ഒരു കായയാണത്. പണ്ട് നമ്മുടെ നാട്ടില്‍ എല്ലായിടത്തും ഉണ്ടായിരുന്ന ഒരു മരത്തിന്റെ കായ.
അങ്ങനെ ഗോപുവും സന്തോഷത്തോടെ ചോറുണ്ണാനിരുന്നു. പക്ഷേ കോവയ്ക്ക വായില്‍ വച്ചപ്പോഴോ, ഭയങ്കര കയ്‌പ്പ്!
ഗോപു ചോദിച്ചു: “അയ്യേ അമ്മേ ഇതെന്താ ഈ കോവയ്ക്ക് കയ്‌ക്കുന്നത്“
അപ്പോള്‍ ഗോപുവിന്റെ അമ്മ പറഞ്ഞു: “മോനേ, ഈ കോവയ്ക്ക നീ കട്ടുകൊണ്ടുവന്നതല്ലേ, മറ്റുള്ളവരുടെ സാധനങ്ങള്‍ മോഷ്ടിക്കരുത്. കട്ടെടുക്കുന്ന വസ്തുക്കള്‍ കയ്‌ക്കും കേട്ടോ?”
അതൊരു പുതിയ അറിവായീരുന്നു ഗോപുവിന്. ഗോപു പിന്നീടൊരിക്കലും മോഷ്ടിക്കാന്‍ പോയില്ല.
എന്നാല്‍ ദാമുവോ? അവന്റെ അമ്മ എന്നും അവന്‍ കട്ടുകൊണ്ടുവരുന്ന പച്ചക്കറികള്‍ കൊണ്ട് അവന് നല്ല നല്ല കറികളുണ്ടാക്കിക്കൊടുത്തു. അവനതു തിന്ന് തടിച്ചുകൊഴുത്തു. വലുതായപ്പോള്‍ അവന്‍ വലിയൊരു കള്ളനായി മാറുകയും ചെയ്തു. നാട്ടുകാര്‍ക്കെല്ലാം ശല്യമായി തീര്‍ന്ന ഒരു പെരുങ്കള്ളന്‍.
ഇതില്‍ നിന്നും കൂട്ടുകാര്‍ എന്തുപഠിച്ചു? കട്ടെടുക്കരുത്. മറ്റുള്ളവരുടെ ഒരു സാധനങ്ങളും നമ്മള്‍ അവരുടെ സമ്മതമില്ലാതെ എടുക്കരുത്. സ്കൂളില്‍ പോകുമ്പോള്‍ മറ്റുകുട്ടികളുടെ സാധനങ്ങള്‍, മറ്റു വീടുകളില്‍ പോയാല്‍ അവിടെനിന്ന് എന്തെങ്കിലും, കടകളില്‍ നിന്ന് സാധനങ്ങള്‍ - അങ്ങനെ എന്തുമാവട്ടെ, ഒരു കൊച്ചു സാധനം പോലും കട്ടെടുക്കരുത്. അത് നല്ല ശീലമല്ല.
