Wednesday, November 26, 2008

ഓര്‍മ്മയുണ്ടോ? ഒരു സൌഹൃദമത്സരം മഷിത്തണ്ടില്‍

മഷിത്തണ്ടില്‍ ഇത്തവണ ഒരു സൌഹൃദമത്സരമാണ്; ഇപ്പോഴത്തെ കുട്ടികള്‍ക്കായല്ല, പണ്ടത്തെ കുട്ടികള്‍ക്കുവേണ്ടി!

എഴുപതുകളുടെ അവസാനപകുതിയിലും, എണ്‍പതുകളിലും കേരളപാഠാവലി മലയാളം പുസ്തകത്തില്‍ രണ്ടുപാഠങ്ങളിലായി പഠിച്ച മേരിക്കുണ്ടൊരു കുഞ്ഞാട് എന്ന കവിത, അത് പഠിച്ചിട്ടുള്ള പലര്‍ക്കും ഓര്‍മ്മകാണുമല്ലോ? കുട്ടിക്കാലത്ത് നമ്മുടെ മനസ്സില്‍ പതിയുന്ന ചിത്രങ്ങള്‍ അതുപോലെ മനസ്സില്‍ ഉണ്ടാവും എന്നും. അതിനു തെളിവായി ആ കവിത പൂര്‍ണ്ണമായും ഓര്‍ത്ത് ഇവിടെ എഴുതുവാന്‍ ഒരു അവസരം.

നിങ്ങള്‍ക്ക് ആ കവിത ഓര്‍മ്മയുണ്ടെങ്കില്‍ അതിവിടെ കമന്റായി എഴുതൂ. ആദ്യമാദ്യം എഴുതുന്ന കമന്റുകള്‍ കണ്ട് മറ്റുള്ളവര്‍ എഴുതാതെയിരിക്കുവാന്‍ കമന്റ് മോഡറേഷന്‍ ഏര്‍പ്പെടുത്തിയിരിക്കുന്നു. മത്സരഫലവും, കമന്റുകളും അഞ്ചുദിവസങ്ങള്‍ക്കുശേഷം പ്രസിദ്ധീ‍കരിക്കുന്നതാണ്.

============
സമ്മാനം
============

ഒന്നാം സമ്മാനം നേടുന്നയാള്‍ക്ക് പത്തു തീപ്പെട്ടിപടവും, അഞ്ചു നാരങ്ങമിഠായിയും സമ്മാനമായി നല്‍കുന്നു.


======================
UPDATE : 30-11-2008
======================

ഈ മത്സരത്തില്‍ ഒരുപാടുപേരൊന്നും പങ്കെടുത്തില്ലെങ്കിലും, പങ്കെടുത്തവരെല്ലാം തങ്ങള്‍ക്കോര്‍മ്മയുള്ള വരികള്‍ എഴുതിയിട്ട് കഴിവുതെളിയിച്ചു. ഒരാള്‍ പോലും പൂര്‍ണ്ണമായും ശരിയായി ആ പാട്ട് എഴുതിയില്ല. എങ്കിലും ഉമേഷ്‌ജിയും, കുട്ടുവും 98% ശരിയായി ഓര്‍ത്തെഴുതുകതന്നെ ചെയ്തു.അതിനാല്‍ സമ്മാനം അവര്‍ക്ക് രണ്ടുപേര്‍ക്കുമായി നല്‍കുന്നു..

ഇനി പാട്ടിന്റെ പൂര്‍ണ്ണരൂപം:

മേരിക്കുണ്ടൊരു കുഞ്ഞാട്
മേനികൊഴുത്തൊരു കുഞ്ഞാട്
പാല്‍നുരപോലെ വെളുത്താട്
പഞ്ഞികണക്കുമിനുത്താട്

തുള്ളിച്ചാടിനടന്നീടും
വെള്ളത്തിരപോല്‍ വെള്ളാട്
കിണുകിണിയെന്നു കിലുങ്ങീ‍ടൂം
കിങ്ങിണി കെട്ടിയ കുഞ്ഞാട്

മേരിയൊടൊത്തുനടന്നീടും
മേരിയൊടത്തവനുണ്ടീടും
മേരിക്കരികെയുറങ്ങീടും
മേരിയെണീറ്റാലെഴുന്നേല്‍ക്കും.

ഒരുനാള്‍ പള്ളിക്കൂടത്തില്‍
മേരിയൊടൊപ്പം കുഞ്ഞാടും
അടിവച്ചടിവച്ചകമേറി
അവിടെച്ചിരിതന്‍ പൊടിപൂരം

വെറിയന്മാരാം ചിലപിള്ളേര്‍
വെളിയിലിറക്കീ പാവത്തെ
പള്ളിക്കൂടപ്പടിവാതില്‍
തള്ളിയടച്ചവര്‍ തഴുതിട്ടൂ

പള്ളിക്കൂടം വിട്ടപ്പോള്‍
പിള്ളേരിറങ്ങിനടന്നപ്പോള്‍
മേരിവരുന്നതു കണ്ടപ്പോള്‍
ഓടിയണഞ്ഞൂ കുഞ്ഞാട് !

പങ്കെടുത്ത എല്ലാവര്‍ക്കും നന്ദിയും ഓരോ നാരങ്ങ മിഠായിയും !!

Read more...

Wednesday, November 19, 2008

ചൈത്രനും മൈത്രനും

കൊച്ചുകൂട്ടുകാരേ, ഇത് പണ്ട് ഞങ്ങളൊക്കെ കുട്ടികളായിരുന്നപ്പോള്‍ നാലാം ക്ലാസിലെ മലയാള പാഠാവലിയില്‍ പഠിച്ച ഒരു കഥയാണ്. അതിവിടെ നിങ്ങള്‍ക്കായി ഒരിക്കല്‍ കൂടി പറയാം.

പണ്ട് പണ്ട് സ്കൂളുകളൊന്നും ഇല്ലാതിരുന്ന ഒരു കാലമുണ്ടായിരുന്നു. അന്നൊക്കെ കുട്ടികള്‍ എങ്ങനെയാണ് വിദ്യകള്‍ അഭ്യസിച്ചിരുന്നെതെന്നറിയാമോ? ഒരു ഗുരുവിന്റെ കൂടെ അദ്ദേഹത്തിന്റെ വീട്ടില്‍തന്നെ കുറേനാള്‍ താമസിച്ച്, ഗുരുമുഖത്തുനിന്ന് എല്ലാം കണ്ടും, കേട്ടും, വായിച്ചും, എഴുതിയും പഠിക്കുക. ഇതിന് ഗുരുകുലവിദ്യാഭ്യാസം എന്നായിരുന്നു പറഞ്ഞിരുന്നത്.

അങ്ങനെ ഒരു ഗുരുവിനോടൊപ്പം താമസിച്ചു പഠിച്ചുകൊണ്ടിരുന്ന രണ്ടു കുട്ടികളായിരുന്നു ചൈത്രനും മൈത്രനും. ചൈത്രന്‍ നല്ല കുട്ടി, ബുദ്ധിമാന്‍, വിനയശീലന്‍, എല്ലാവരോടും സ്നേഹമായി പെരുമാറുന്നവന്‍. അതുകൊണ്ടുതന്നെ ഗുരുവിനും ബാക്കി എല്ലാ കുട്ടികള്‍ക്കും അവനെ വലിയ ഇഷ്ടമായിരുന്നു. എന്നാല്‍ മൈത്രനോ? ചൈത്രന്റെ നേരെ വിപരീത സ്വഭാവക്കാരന്‍. എല്ലാവരോടും ശണ്ഠകൂടും, പോരാത്തതിന് വലിയ അസൂയക്കാരനും. എല്ലാവര്‍ക്കും, പ്രത്യേകിച്ച് ഗുരുവിന് ചൈത്രനെ വലിയ ഇഷ്ടമാണെന്നത് മൈത്രനു തീരെ പിടിച്ചില്ല. അവനത് പലപ്പോഴും പലരീതിയില്‍ ചൈത്രനോടുള്ള പെരുമാറ്റത്തില്‍ കാണിക്കുകയും ചെയ്തു.

ഇതു മനസ്സിലാക്കിയ ഗുരു ചൈത്രനേയും മൈത്രനേയും ഒരു ദിവസം വിളിച്ചിട്ട് ഓരോ രൂപ അവരുടെ കൈയ്യില്‍ കൊടുത്തു. എന്നിട്ടു പറഞ്ഞു: “ഈ ഒരു രൂപകൊണ്ട് നിങ്ങള്‍ക്ക് എന്തൊക്കെ വാങ്ങാമോ അതൊക്കെ വാങ്ങി നിങ്ങളുടെ മുറികള്‍ നിറയ്ക്കുക. മൂന്നു ദിവസത്തെ സമയം തരാം. മൂന്നാം ദിവസം ഞാന്‍ നിങ്ങളുടെ മുറികള്‍ കാണുവാന്‍ വരും. അപ്പോള്‍ ജയിക്കുന്നതാരാണോ അവന് ഞാനൊരു സമ്മാനം തരുന്നതാണ്“.


മൈത്രന്‍ ആലോചിച്ചു. ഇത്തവണയെങ്കിലും ഈ ചൈത്രനെ എനിക്ക് തോല്‍പ്പിക്കണം. അതിനായി അവന്‍ തലപുകഞ്ഞാലോചിച്ചു. ഒരു രൂപയ്ക്ക് എന്തുസാധനം കിട്ടും ഒരു മുറിനിറയെ നിറയ്ക്കുവാന്‍? ആലോചിച്ചാലോചിച്ച് അവന്‍ ഒരു വഴികണ്ടെത്തി. അവന്‍ തെരുവിലേക്ക് പോയി, അവിടെ ചപ്പുചവറുകളും മറ്റു കച്ചടകളും വാരിമാറ്റി വൃത്തിയാക്കുന്നവരെ കണ്ടു. അവരോട് പറഞ്ഞു: “ഞാന്‍ നിങ്ങള്‍ക്ക് ഒരു രൂപതരാം. നിങ്ങള്‍ ഈ ചവറെല്ലാം കൊണ്ടുവന്ന് ഞാന്‍ പറയുന്ന മുറിയില്‍ നിറയ്ക്കണം“.


ചവറുനീക്കുന്നവര്‍ക്ക് സന്തോഷമായി. അവര്‍ ആ ചപ്പുചവറെല്ലാം കൊണ്ടുവന്ന് മൈത്രന്റെ മുറിയില്‍ നിറയെ നിറച്ചിട്ട് ഒരു രൂപയും വാങ്ങിപ്പോയി. മുറിയിലേക്ക് നോക്കിയ മൈത്രനു വളരെ സന്തോഷമായി. മുറിനിറയെ എന്തെങ്കിലും നിറയ്ക്കണമെന്നല്ലേ ഗുരുപറഞ്ഞത്, ഇപ്പോഴിതാ ഞാന്‍ മേല്‍പ്പുരവരെ എത്താന്‍ തക്കവിധം എന്റെ മുറി നിറച്ചിരിക്കുന്നു. ഇത്തവണ സമ്മാനം എനിക്കു തന്നെ.


ചൈത്രന്‍ ആദ്യ രണ്ടുദിവസങ്ങളിലും ഒന്നും ചെയ്തില്ല. അതുകണ്ട് മൈത്രനു കൂടുതല്‍ സന്തോഷമായി. ഇതിനിടെ മൈത്രന്റെ മുറിയിലെ ചവറുകള്‍ അഴുകുവാന്‍ തുടങ്ങീ. അവിടെയെല്ലാം അസഹ്യമായ ദുര്‍ഗന്ധം പരന്നു. അതൊന്നും മൈത്രന്‍ കാര്യമാക്കിയില്ല. “ഒരു ദിവസം കൂടി സഹിച്ചാല്‍ മതിയല്ലോ, സമ്മാനം എനിക്കു തന്നെ“. അവന്‍ മനസ്സില്‍ കരുതി.


മുന്നാം ദിവസമായി. ചൈത്രന്‍ രാവിലെതന്നെ എഴുന്നേറ്റു. കുളിച്ചു. അമ്പലത്തില്‍ പോയി പ്രാര്‍ത്ഥിച്ചു. തിരികെ വരുന്ന വഴി ഒരു രൂപയ്ക്ക് ഒരു ചെറിയ മണ്‍‌വിളക്കും, ചന്ദനത്തിരികളും, ഒരു പൂമാലയും വാങ്ങി (കൂട്ടുകാരേ പണ്ട് ഒരു രൂപയ്ക്ക് ഇതൊക്കെ കിട്ടും കേട്ടോ!). തിരികെ മുറിയിലെത്തി, മുറി അടിച്ചുവാരി വൃത്തിയാക്കി, തറതുടച്ചു. ദേവിയുടെ ചിത്രത്തിനു മുമ്പില്‍ തിരിതെളിച്ചു, ചന്ദനത്തിരിയും, മാലയും ചാര്‍ത്തി. അവിടെയെലാം നല്ല സുഗന്ധവും വെളിച്ചവും പരന്നു.


അല്പസമയം കഴിഞ്ഞ്, ഗുരുവും ശിഷ്യന്മാരും ചൈത്രന്റെയും മൈത്രന്റെയും മുറികള്‍ സന്ദര്‍ശിക്കുവാന്‍ വരവായി. അവര്‍ ആദ്യം മൈത്രന്റെ മുറിയിലേക്കാണ് പോയത്. ദുര്‍ഗന്ധം കാരണം ആര്‍ക്കും അങ്ങോട്ടടുക്കുവാന്‍ പോലും ആയില്ല. അങ്ങോട്ടൊന്ന് എത്തിനോക്കിയിട്ട്, മൂക്കും പൊത്തിക്കൊണ്ട് എല്ലാവരും ചൈത്രന്റെ മുറിയിലേക്കെത്തി. അവിടെനിന്നും പരന്ന വെളിച്ചവും സുഗന്ധവും എല്ലാവരേയും സന്തോഷിപ്പിച്ചു.

സന്തോഷവാനായ ഗുരു മൈത്രനെ വിളിച്ചിട്ട് പറഞ്ഞു: “മൈത്രാ, ചീത്ത വിചാരങ്ങളുള്ള മനസ്സ് ദുര്‍ഗന്ധം വമിക്കുന്ന നിന്റെ മുറിപോലെയാണ്. അത് എല്ലാവരേയും അവിടെനിന്ന് അകറ്റും. നല്ല മനസ്സുകള്‍‍ സുഗന്ധം പരത്തുന്ന ഈ മുറിപോലെയും. എന്തുകൊണ്ടാണ് എല്ലാവര്‍ക്കും ചൈത്രനോട് ഇഷ്ടമെന്ന് നിനക്ക് മനസ്സിലായോ? നീയും അവനെപ്പോലെ ചിന്തിക്കുവാനും പ്രവര്‍ത്തിക്കുവാനും പഠിക്കൂ“.

മൈത്രന്‍ അന്നുമുതല്‍ ചൈത്രന്റെ നല്ല ചങ്ങാതിയായി മാറി.

Read more...

Wednesday, November 12, 2008

മലയാളത്തിന്റെ പത്ത് ‘മാനങ്ങള്‍‘


ഒന്നാം .....മാനം പൂമാനം
രണ്ടാം ....മാനം സമ്മാനം
മൂന്നാം ....മാനം ബഹുമാനം
നാലാം ....മാനം വിമാനം
അഞ്ചാം ..മാനം അഭിമാനം
ആറാം ....മാനം കുറിമാനം
ഏഴാം .....മാനം തേയ്‌മാനം
എട്ടാം .....മാനം തീരുമാനം
ഒന്‍പതാം .മാനം അപമാനം
പത്താം ...മാനം ശതമാനം


ഇതുവരെ വായനക്കാര്‍ തന്നിരിയ്ക്കുന്ന വ്യത്യസ്ത മാനങ്ങള്‍: കമാനം, അമ്മാനം, ഉപമാനം, ആകമാനം, അനുമാനം, കണ്ടമാനം, സാമാനം, സമാനം, വരുമാനം, താപമാനം, സകലമാനം, രായ്ക്കുരാമാനം, ഏകമാനം, ദ്വിമാനം, ത്രിമാനം, ചതുര്‍മാനം, വര്‍ത്തമാനം, അതിമാനം...

മേലെ പറയുന്ന മാനങ്ങള്‍ക്ക് ‘ആകാശം‘ എന്നര്‍ത്ഥം വരുന്ന മാനവുമായി യാതൊരു ബന്ധവുമില്ല. അങ്ങനെ അര്‍ത്ഥം വരുന്ന ചില പദങ്ങളാണ് വായനക്കാര്‍ തന്നിരിയ്ക്കുന്ന പൂമാനം, പൊന്മാനം, നീലമാനം, ചെമ്മാനം, തെളിമാനം തുടങ്ങിയവ ...

Read more...