Thursday, March 20, 2008

ഏതാണീ കപ്പല്‍

അമ്പതു വെള്ളക്കാരേ കേറ്റീ
ട്ടമ്പോ ഒരു കപ്പല്‍
കടലുകടന്നുകടന്നിട്ടവരോ
കരകള്‍ തേടിപ്പോയ്‌
കടലുകടക്കും നേരത്തവരോ
കലപില ചിരിയായി
ഓരോ കരയിലുമോരോ സായി-
പ്പോടിയിറങ്ങിപ്പോയ്‌
കരയിലിറങ്ങും നേരത്തവരോ
കരിനിറമായിപ്പോയ്‌
അമ്പതുപേരുമിറങ്ങീ കപ്പലു-
മമ്പോ മുങ്ങിപ്പോയ്‌

അപ്പുക്കുട്ടാ കപ്പലതേതാ-
ണിപ്പം ചൊല്ലേണം
അപ്പം നല്‍കാം കപ്പലിലാരാ-
ണിപ്പം ചൊല്ലേണം


(ഉത്തരം കണ്ടുപിടിക്കൂ കൂട്ടുകാരേ.. ദയവായി ഉത്തരം മെയിലില്‍ അയക്കുക gopalmanu@gmail.com ആദ്യത്തെ പത്തു ശരിയുത്തരങ്ങള്‍ക്ക് പോപ്പിക്കുട സമ്മാനം.. ഉത്തരം ഇവിടെ പറയല്ലേ പ്ലീസ്......)

Read more...

Wednesday, March 19, 2008

ഉത്തരം പറയാമോ


വെള്ളപ്പട്ടു വിരിച്ചൊരു വഴിയേ
വെള്ളാരം വഴിയേ
കള്ളക്കുട്ടന്‍ കുഞ്ഞിക്കുട്ടന്‍
തുള്ളിച്ചാടിപ്പോയ്‌
കള്ളന്‍ കാലു ചവിട്ടുന്നിടമൊരു
പുള്ളിക്കുത്തായി
പുള്ളിക്കുത്തു നിരന്നതു കാണാന്‍
ഉള്ളില്‍ കൊതിയായി
പുള്ളിക്കുയിലുകള്‍ വന്നാക്കുന്നില്‍
തുള്ളിയിരുപ്പായി
കള്ളിപ്പെണ്ണേ ചൊല്ലാമോയീ
വെള്ളപ്പട്ടേത്‌?
ഉള്ളുതുറന്നൊന്നാലോചിക്കൂ
കള്ളനിതാരാണ്‌?
വെള്ളിത്തുട്ടുതരാം ഞാന്‍ ചൊല്ലൂ
പുള്ളിക്കുയിലേത്‌?


ഉത്തരം: കടലാസില്‍ പേനകൊണ്ടെഴുതുന്നത്‌
വെള്ളപ്പട്ട്‌ : കടലാസ്‌
കള്ളക്കുട്ടന്‍ : പേന
പുള്ളിക്കുയില്‍ : കണ്ണ്

Read more...

Sunday, March 16, 2008

അത്തള പിത്തള തവളാച്ചീ

കൊച്ചുകൂട്ടുകാരേ..

പണ്ട് പണ്ട് ഈ ബ്ലോഗന്മാരായ അങ്കിള്‍മാരും ആന്റിമാരും നിങ്ങളെപോലെ കുട്ടികളായിരുന്ന സമയത്ത് കളിച്ചിരുന്ന ഒരു കളിയാണിത്. എത്ര കൂട്ടുകാര്‍ക്കു വേണമെന്കിലും ഒന്നായിരുന്നു കളിക്കാവുന്ന ഒരു കളിയാണിത്.

ആദ്യമായി ഒരു ലീഡറെ തിരഞ്ഞെടുക്കുക. ആകുട്ടിയായിരിക്കും ഈ കളി നിയന്ത്രിക്കുന്നത്. എന്നിട്ട് താഴെകാണുന്ന ഫോട്ടോയിലെ പോലെ വട്ടത്തില്‍ ഇരിക്കുക. നിങ്ങളുടെ കൈകള്‍ രണ്ടും മുന്നോട്ടു നീട്ടി നടുക്കായി വെക്കുക.






ഈ കളിയില്‍ ഉപയോഗിക്കുന്ന പാട്ട് ഇനി പറഞ്ഞു തരാം. എല്ലാരും ഇത് കാണാതെ പഠിച്ചോളണം കേട്ടോ.

അത്തള പിത്തള തവളാച്ചി
ചുക്കുമലിരിക്കണ ചൂലാപ്പ
മറിയം വന്നു വിളക്കൂതി
ഉണ്ടാ മാണി സാറാ പീറാ ഗോട്ട്.
(ഇതിന്റെ മീനിങ്ങൊന്നും ആരും ചോദിക്കരുത്. ചുമ്മാ പാടിയാല്‍ മതി)






ഫോട്ടോയിലെ ലീഡര്‍ കുട്ടി ചെയ്യുന്ന പോലെ ഒരു കൈ ചുരുട്ടി ഓരോ കുട്ടിയുടെ കയ്യിലും ചെറുതായി കുത്തി കുത്തി പോവുക. അത്തള, പിത്തള എന്നീ ഓരോ വാക്കിനും ഓരോ കൈ വീതം ഗോട്ട് വരെ പോകുക. ഗോട്ട് എന്നു ഏതു കയ്യിലാണോ എത്തുന്നത് ആ കൈ മലര്‍ത്തി വക്കുക. വീണ്ടും അടുത്ത കൈമുതല്‍ അത്തള പിത്തള തുടരുക.



ഇങ്ങനെ പോകുമ്പോള്‍ ആരുടെയെങ്കിലും മലര്‍ത്തിയ കയ്യില്‍ ഗോട്ട് എത്തുകയാണെങ്കില്‍ ആ കൈ താഴെ കാണുന്ന ചിത്രത്തിലേതു പോലെ ചുരുട്ടി വക്കുക.



വീണ്ടും തുടരുക. ചുരുട്ടിയ കൈയ്യില്‍ ഗോട്ട് എത്തുമ്പോള്‍ താഴെകാണുന്ന ചിത്രത്തിലേതു പോലെ കൈ പുറകില്‍ കൊണ്ട് ഒളിച്ചു വക്കുക. പിറകിലുള്ള കൈ ചുരുട്ടി തന്നെ വച്ചേക്കണേ. കൈ മുന്നോട്ടു കൊണ്ടുവന്നാല്‍ പിച്ചു കൊള്ളും.




ഇങ്ങനെ കളിച്ചു കളിച്ച് ആദ്യം രണ്ടുകൈകളും കളത്തിനു പുറത്താകുന്നവര്‍ ഔട്ടായി. ബാക്കിയുള്ളവര്‍ കളി തുടരണം. ഏറ്റവും അവസാനം കളത്തില്‍ ബാക്കിയാവുന്ന ഒരു കൈ ആരുടേതാണോ ആ കുട്ടിയായിരിക്കും ഈ കളിയിലെ വിജയി.



ഈ കളിയില്‍ പങ്കെടുത്തവര്‍


അനു, പ്രജു, മനു, ഉണ്ണി, അമി, അച്ചു, കണ്ണന്‍
========================================
ഇതേ കളിയുടെ മറ്റൊരു പാട്ടാണ്,
അക്കുത്തിക്കുത്താന വരമ്പേ കയ്യേ കുത്ത് കരിങ്കുത്ത്
ചീപ്പ് വെള്ളം താറാവെള്ളം, താറാമ്മക്കടെ കയ്യേലൊരു ബ്ലാങ്ക്
=======================================

Read more...