Sunday, May 25, 2008

കാര്‍മുകിലേ...



മാനത്തു മുട്ടുന്ന മാമല മേലേ...
മങ്ങിത്തുടങ്ങുന്ന സൂര്യന്നു താഴേ...
തെന്നിപ്പറക്കുന്ന കാറ്റിന്റെ കൂടേ...
കണ്ടല്ലോ കാക്കക്കറുമ്പി ഞാന്‍ നിന്നേ..

നീലക്കടലിലെ നീരെല്ലാം കോരീ..
ആകാശത്തോട്ടത്തിന്‍ ചാരത്തു കൂടീ..
പോരുമ്പോളാരേ പെരുമ്പറ കൊട്ടീ..
പേടിപ്പെടുത്തുവാനോടി വന്നെത്തീ..

ആടുന്നു പൊന്‍‌മയില്‍ പീലി വിടര്‍ത്തീ..
കാടിന്‍ തലപ്പുകള്‍ കാവടിയേറ്റീ..
മായുന്നു മാരിവില്‍ ചായം പരത്തീ..
മിന്നല്‍പ്പിണരുകള്‍ തോരണം തൂക്കീ..

വാടുന്ന പച്ചപ്പടര്‍പ്പിന്നു മീതേ..
പൂവാടി തീര്‍ക്കാനായെത്തുകയില്ലേ..
തണ്ണീരു താഴത്തു തൂവാത്തതെന്തേ..
മണ്ണിലെല്ലാവരും കാത്തിരിപ്പല്ലേ..

Read more...

Tuesday, May 20, 2008

പാറിവാ പച്ചക്കിളീ

പച്ചച്ചപ്പാടത്തെ പച്ചക്കതിര്‍കൊത്താന്‍
പച്ചപ്പനന്തത്തക്കൂട്ടമെത്തി
പച്ചനിറത്തിലാ കാടുതന്നെ പറ-
ന്നെത്തിയതോ നല്ല ശേലുതന്നെ !

ഒച്ചവച്ചങ്ങിങ്ങു പാറിപ്പറന്നിട്ടു
മിന്നല്‍പ്പിണര്‍പോലെ പാഞ്ഞിറങ്ങി
മൂര്‍ച്ചയേറുന്നൊരാ കൊക്കാലരിഞ്ഞവര്‍
പ്പച്ചക്കതിര്‍ക്കുല തണ്ടറുത്തൂ

പാടത്തിന്നക്കരെ നില്‍ക്കുന്നൊരാഞ്ഞിലി
ക്കൊമ്പിലേക്കാക്കിളി കൂട്ടരെത്തി
നെന്മണിയോരാന്നായ് പൊട്ടിച്ചു പൊട്ടിച്ചു
നെന്മണിപ്പാലു കുടിച്ചു മെല്ലെ

വീണ്ടും പറന്നുപോയ് നെല്‍ക്കതിര്‍ കൊത്തുവാന്‍‍
ആരെയും തെല്ലുമേ കൂസിടാതെ,
പാടിയും പാലുനുകര്‍ന്നുമാ തത്തകള്‍
കുഞ്ഞിവയറു നിറച്ചു വേഗം


പാടത്തിനപ്പുറം കുന്നിന്‍ ചെരുവിലാ
സൂര്യനും പോയിമറഞ്ഞനേരം
ചെമ്മേചിലച്ചുകൊണ്ടാക്കിളിക്കൂട്ടമാ
കാട്ടിലേക്കങ്ങു തിരിച്ചുപോയി.

Read more...

Monday, May 5, 2008

കളിത്തോഴന്‍

വേനല്‍ച്ചൂടിന്‍ നടുവിലുമിവിടെ-
ത്തൊടിയില്‍ നനവു പടര്‍ത്തും ചാലിന്‍
കരയില്‍ തളിരു വിടര്‍ത്തി;ത്തെല്ലും
കളവില്ലാ മനമഴകും കാട്ടി;
കുളിരും നീരും തണ്ടിലൊതുക്കും
തോഴനതാരെന്നറിയാമോ....?



























അറിയാമറിയാം കുഞ്ഞിക്കൈകള്‍
കളിയായെഴുതുവതെല്ലാമുള്ളില്‍
നിറയും നീരാല്‍ മായ്ക്കും തോഴന്‍
നീയാണെന്റെ മഷിത്തണ്ടേ..!!!

Read more...