Tuesday, May 12, 2009

മാഞ്ഞുപോകും ഒഴിവുകാലം




ശ്രീ. നന്ദകുമാറിന്റെ "ദൃശ്യപര്‍‌വ്വം"എന്ന ബ്ലോഗിലെ ഹൃദയസ്പര്‍ശിയായ ഈ ചിത്രത്തിനൊരു അടിക്കുറിപ്പാണീ വരികള്‍.







കേള്‍ക്കുന്നുണ്ടാക്കുയില്‍ പാട്ടെന്റെ കാതില്‍
ആടുന്നുണ്ടൂഞ്ഞാലെന്‍ പൂമരക്കൊമ്പില്‍..
മൊട്ടിട്ടു മന്ദാരച്ചില്ലയൊന്നുള്ളില്‍
തൊട്ടു കൈവിട്ടൊരാപ്പച്ചപ്പെന്‍ കണ്ണില്‍..

പൂവാലിപ്പയ്യിന്റെ നെറ്റിപ്പൊട്ടൊന്നില്‍
കുങ്കുമം തൊട്ട ചെഞ്ചോപ്പുണ്ടു കയ്യില്‍
നെല്ലിപ്പുളിയ്ക്കുപ്പുകല്ലൊന്നു മുക്കീ
കൂട്ടിക്കടിച്ചതിന്‍ ചേലുണ്ടു നാവില്‍..


പാടത്തെത്തോട്ടുവരമ്പിന്റെ തോളില്‍
വേലിപ്പടര്‍പ്പിലൊരായിരം പൂക്കള്‍
ആരാരും കാണാതെ കാവിലെക്കാട്ടില്‍
തേടിപ്പോയെത്തിപ്പറിച്ചിട്ട കായ്കള്‍

മുത്തശ്ശിപ്പാട്ടിന്റെയീണങ്ങള്‍ രാവില്‍
പീലിക്കെട്ടേറ്റിപ്പറക്കുന്നു നെഞ്ചില്‍
പുള്ളോര്‍ക്കുടങ്ങളും വീണയും പാടീ-
വന്നൂ,കളം കൊള്ളും നാഗരാജാക്കള്‍..

പൊട്ടാത്ത പട്ടിന്റെ നൂലുകൊണ്ടുള്ളില്‍
കോര്‍ത്തിട്ടൊരോര്‍മ്മ തന്‍ ചെമ്പകപ്പൂക്കള്‍
കാണുന്നതെന്നിനി; വീര്‍പ്പിട്ടു കണ്ണീര്‍-
ക്കണ്‍‌മറഞ്ഞോടുന്നു പാളങ്ങള്‍ പിന്നില്‍..

******************************************

Read more...