Monday, July 28, 2008

നായയും നിഴലും


ഒരു കാലത്തു ഈ കഥ കേട്ടിട്ടില്ലാത്ത ഒരു കുട്ടി പോലും ഉണ്ടായിരുന്നില്ല.ഇന്നത്തെ എത്ര മക്കള്‍ക്കു അന്നത്തെ കുട്ടികളായ ഇന്നത്തെ അച്ഛനമ്മമാര്‍ ഈ കഥ പറഞ്ഞു കൊടുത്തിട്ടുണ്ട് എന്നും അറിയില്ലാ.അറിയാത്ത ഇന്നത്തെ മക്കള്‍ക്കും,അറിയാമായിരുന്ന അന്നത്തെ മക്കള്‍ക്കും(ഓര്‍മ്മ പുതുക്കാന്‍) വേണ്ടി ഞാന്‍ ഇവിടെ ആ കഥ ഒരിക്കല്‍ കൂടെ പറയാം.

ഒരിടത്ത് ഒരിടത്ത് ഒരു നായ വിശന്നു വലഞ്ഞു നടക്കുകയായിരുന്നു.അങ്ങനെ കറങ്ങി നടന്നപ്പോള്‍ ഒരു കശാപ്പുശാല കണ്ടു. മക്കളേ കശാപ്പുശാല എന്നു വച്ചാല്‍ മൃഗങ്ങളെ വെട്ടി ഇറച്ചിയാക്കി നമ്മള്‍ക്കു തരുന്ന സ്ഥലം.കശാപ്പുശാലയുടെ അടുത്ത് നിറയെ എല്ലിന്‍ കഷണങ്ങള്‍ കൂട്ടിയിട്ടിരിക്കുന്നതു നമ്മുടെ നായ കണ്ടു.അപ്പോള്‍ നായ വിചാരിച്ചു “ഹായ് ഇതു കൊള്ളാമല്ലോ. മാംസം കുറെശ്ശെ പറ്റിപ്പിടിച്ചിരിക്കുന്ന എല്ലുകള്‍,ഇതില്‍ ഒരെണ്ണാം എടുക്കാം, തിന്നു വിശപ്പും മാറ്റാം”.നായ കൂടുതല്‍ മാംസം പറ്റിയിരിക്കുന്ന വലിയ ഒരു എല്ലുകഷണം കടിച്ചെടുത്ത് വീട്ടിലേക്കു ഓടി.

വീട്ടിലെത്താറായി.ഇനി ഒരു പാലം കടക്കുകയേ വേണ്ടൂ.


നായ പാലത്തില്‍ കയറി. താഴെ വെള്ളമാണ്.നായ വെള്ളത്തിലേക്കു നോക്കി.

“അമ്പടാ വെള്ളത്തില്‍ വേറെ ഒരു നായ,അവ്ന്റെ വായിലുമുണ്ട് ഒരു വലിയ എല്ല്.”

നായക്കു അതു കണ്ട് സഹിക്കാന്‍ കഴിഞ്ഞില്ല.ആ എല്ലും കൂടെ കൈക്കലാക്കണം എന്നു അവന്‍ തീരുമാനിച്ചു.

“ബൌ.....ബൌ.....”

പാലത്തില്‍ നിന്നും വെള്ളത്തിലേ മറ്റേ നായയെ നോക്കി നമ്മുടെ നായ കുരച്ചു.

പ്ലൂം........

എന്ന ശബ്ദത്തോടെ നായ കടിച്ചു പിടിച്ചിരുന്ന എല്ല് വെള്ളത്തിലേക്കു വീണു.

നായക്കു സങ്കടമായി. അവന്‍ വെള്ളത്തിലേക്കു സൂക്ഷിച്ചു നോക്കി.എല്ലു വീണപ്പോള്‍ വെള്ളത്തില്‍ ഉണ്ടായ കുഞ്ഞു അലകള്‍ പതുക്കെ മാഞ്ഞു വെള്ളത്തിന്റെ അനക്കം നിന്നു.അപ്പോള്‍ നായ തന്റെ മുഖം അതില്‍ തെളിഞ്ഞു കണ്ടു.അന്നേരം ആണ് നായക്കു മനസ്സിലായത് തന്റെ തന്നെ നിഴലാണ് വെള്ളത്തില്‍ കണ്ടത് എന്ന്.

വെള്ളത്തില്‍ മുമ്പ് കണ്ട നിഴല്‍ വേറെ നായയുടെതാണന്ന് കരുതിയ അവന്‍ തന്റെ മണ്ടത്തരമോര്‍ത്ത് വല്ലതെ ദു:ഖിച്ചു.നഷ്ടപ്പെട്ട എല്ലിന്‍ കഷണത്തിനെ ഓര്‍ത്ത് സങ്കടത്തോടെ “ഇനി ദു:ഖിച്ചിട്ടെന്തു കാര്യം!”എന്നു മനസ്സില്‍ പറഞ്ഞു കൊണ്ട് വിശന്നു വലഞ്ഞു അവശനായ നായ വേച്ചു വേച്ചു വീട്ടിലേക്കു നടന്നു.

എന്തു ഗുണപാഠം ആണ് എന്റെ കുഞ്ഞുങ്ങള്‍ക്കു ഇതില്‍ നിന്നും മനസ്സിലായത്?
അത്യാഗ്രഹം ആര്‍ക്കും നല്ലതല്ല.

കഥ ഇഷ്ടപ്പെട്ടോ മക്കളെ. ഇനി അടുത്ത ആഴ്ച്ച പഴയ ഒരു പുതിയ കഥയുമായി വരാം.

രാജേഷ് സൂര്യകാന്തി said...
ഒരു ചെറിയ കുഴപ്പം ഈ കഥയിലുണ്ട്.. ഇതു എഴുതിയ ആള്‍ക്ക് നിഴലും പ്രതിബിംബവും തമ്മിലുള്ള വ്യത്യാസം അറിയില്ല എന്ന് തോന്നുന്നു. വെള്ളത്തിലേക്ക്‌ നോക്കിയാല്‍ നമ്മള്‍ കാണുന്നത് പ്രതിബിംബമാണ്. നിഴലല്ല.. വെളിച്ചതിനെതിരെ നില്‍ക്കുമ്പോള്‍, നമ്മുടെ രൂപത്തിന് പുറകില്‍ വെളിച്ചം തട്ടാതിരിക്കുന്നതിനാലാണ് നിഴല്‍ ഉണ്ടാകുന്നത്.. രണ്ടും തമ്മില്‍ വ്യത്യാസം ഉണ്ടെന്നു മാത്രമല്ല, ഒരു ബന്ധവുമില്ല.. ഉടനടി തിരുത്തി എന്നെ വിവരം അറിയിക്കുക.. അല്ലെങ്കില്‍ ബൂലോക കോടതിയില്‍ കേസ് കൊടുക്കും.. പിന്നെ, ബൂലോകത്ത് തെറി പറയുന്നതില്‍ ഗവേഷണം നടത്തുന്നവരും, ഗുണ്ടകളും ഒക്കെയുണ്ടെന്ന് അറിയില്ലേ.. ഉം.. വേഗം

Read more...

Monday, July 21, 2008

ഉപകാരത്തിന്റെ കഥ

കഥകള്‍ കേട്ടു വളരുന്നവരേ
കളങ്കം നിങ്ങളില്‍ വളരില്ല
കഥകള്‍ കേട്ടു വളര്‍ന്നാലോ
അറിവുകള്‍ നിങ്ങളില്‍ വളര്‍ന്നീടും
ഈ ലോകം നിങ്ങളെയറിഞ്ഞീടും

അതു കൊണ്ട് നമ്മക്കു ഒരുപാടൊരുപാട് കഥകള്‍ കേട്ടു വളരാം അല്ലേ മക്കളേ... ഓടിവായോ
ഇന്നു നമ്മക്ക് ഒരു ഉപകാരത്തിന്റെ കഥ കെട്ടാലോ?

പണ്ട് പണ്ട് ഒരു രാജാവുണ്ടായിരുന്നു.ഒരു ദിവസം അദ്ദേഹത്തിനു ഒരു തോന്നല്‍ ഉണ്ടായി.
മനുഷ്യനു തീരെ ഉപകാരമില്ലാത്ത ഒരു ജീവിയും എന്റെ രാജ്യത്തു വേണ്ട എന്ന്.കുറെ നേരം ആലോചിച്ചപ്പോള്‍ അദ്ദേഹത്തിനു തോന്നി ആ ജീവി ഈച്ച ആണ് എന്ന്.ഉടനെ തന്നെ രാജാവ് ഭടന്മാരെ വിളിച്ചിട്ടു പറഞ്ഞു“ഈ രാജ്യത്തുള്ള എല്ലാ ഈച്ചകളെയും കൊല്ലുക”.രാജകല്പന അല്ലെ. ഭടന്മാര്‍ക്കു അനുസരിച്ചല്ലേ പറ്റൂ.അവര്‍ ആ രാജ്യത്തെ ഈച്ചകളേ മുഴുവനും കൊന്നു.

കുറെ കാലം കഴിഞ്ഞു ഭയങ്കരമായ യുദ്ധം വന്നു. നമ്മുടെയീ രാജാവ് യുദ്ധത്തില്‍ തോറ്റു.അദ്ദേഹം പേടിച്ചോടി തന്റെ രാജ്യത്തിന്റെ അതിര്‍ത്തിയില്‍ ഉള്ള ഒരു ഗുഹയില്‍ കയറി ഒളിച്ചു. രാജാവിനെ അന്വേഷിച്ചു ശത്രുക്കള്‍ എല്ലായിടത്തും നടക്കുന്നുണ്ടായിരുന്നു.ഭയങ്കരമായ ക്ഷീണം കാരണം ആ ഗുഹയില്‍ കിടന്നു രാജാവു ഉറങ്ങിപ്പോയി.പെട്ടന്നു തന്റെ മുഖത്തു എന്തൊ ഒന്നു ചെറുതായി കടിച്ചപോലെ രാജാവിനു തോന്നി. പെട്ടന്നു അദ്ദേഹം ഉണര്‍ന്നു.അദ്ദേഹത്തെ ഉണര്‍ത്തിയത് ഒരു ഈച്ച ആയിരുന്നു.ഇപ്പോള്‍ നിങ്ങള്‍ക്കു ഒരു സംശയം വന്നില്ലേ? ഈ ഈച്ച എവിടെ നിന്നു വന്നു എന്നു? അതിര്‍ത്തിയിലെ ഗുഹ അല്ലെ? ഈച്ച അടുത്ത രാജ്യത്തില്‍ നിന്നും വന്നതാ.അപ്പോള്‍ രാജാവ് ഉണര്‍ന്നു അല്ലെ.ചുറ്റുപാടും ശ്രദ്ധിച്ച രാജാവ് ശത്രുക്കള്‍ തന്നെ തേടി വരുന്നതിന്റെ ശബ്ദകോലാഹലങ്ങള്‍ കേട്ടു.പെട്ടന്നു ഗുഹയില്‍ നിന്നിറങ്ങി ഓടി അടുത്ത രാജ്യത്ത് അഭയം പ്രാപിച്ചു.

കുറച്ചു നാള്‍ കഴിഞ്ഞു രാജാവ് അയല്‍ രാജ്യത്തെ രാജാവിന്റെ സഹായത്തോടെ സ്വന്തം രാജ്യം തിരിച്ചു പിടിച്ചു.സ്വന്തം നാ‍ട്ടില്‍ തിരിച്ചെത്തിയ രാജാവിന് ആദ്യം ഓര്‍മ്മ വന്നത് ഉറങ്ങിപ്പൊയ തന്നെ ഉറക്കത്തില്‍ നിന്നും ഉണര്‍ത്തിയ ഈച്ചയെ ആയിരുന്നു.
അന്നു അവിടെ കിടന്നു ഉറങ്ങിപ്പോയിരുന്നങ്കില്‍ എന്താകുമായിരുന്നു രാജാവിന്റെ അവസ്ഥ? രാജാവു വീണ്ടും ജനങ്ങളൊടെല്ലാവരോടും ആയിട്ടു പറഞ്ഞു “ ഈ ഭൂമിയില്‍ ഉപകാരമില്ലാത്തതായിട്ടോന്നും ഇല്ല , എല്ലാത്തിനെയും സ്നേഹിക്കുക സംരക്ഷിക്കുക”. എന്നു. അപ്പോള്‍ മക്കളൊക്കെ കേട്ടല്ലോ. എല്ലാത്തിനേയും സ്നേഹിക്കുക. രക്ഷിക്കുക.

Read more...

Sunday, July 6, 2008

ചന്ദനും, ചന്തുവും

ഒന്നു ഓടിവന്നേ മക്കളെ പുതിയ കഥ കേള്‍ക്കണ്ടേ?ഇന്നു ഞാന്‍ പറയാന്‍ പോകുന്ന കഥ രണ്ടു ആടുകളുടെ കഥയാണ്, അവന്മാരുടെ പേരാണ് ചന്ദനും, ചന്തുവും.നല്ല പേരല്ലേ?രണ്ടുപേരും നല്ല കൂട്ടുകാരായിരുന്നു.അവര്‍ കളിക്കാനും പച്ചിലകള്‍ തിന്നാനും ഒക്കെയായി കാടിന്റെ അരികില്‍ പതിവായി പോകുമായിരുന്നു.ചന്ദന്റെയും, ചന്ദുവിന്റെയും കളികളും ചാട്ടവും, ഒക്കെ കണ്ടു കൊണ്ട് എന്നും ഒരാള്‍ ഒളിഞ്ഞു നോക്കി നിന്നിരുന്നു.ഒരു കള്ളക്കുറുക്കന്‍.പച്ചിലകല്‍ തിന്നു കൊഴുത്തു തടിച്ച ആടുകളെ തിന്നുന്നതോര്‍ത്ത് കുറുക്കച്ചാരുടെ വായില്‍ വെള്ളമൂറി.എന്നാല്‍ തന്നേക്കാള്‍ ഇരട്ടിആരോഗ്യമുള്ള ഇവന്മാരെ നേരിട്ടു അടിച്ചു കൊല്ലാന്‍ തന്നെക്കൊണ്ടാവില്ല എന്നു കുറുക്കനു മനസ്സിലായി.അവന്‍ ഒരു സൂത്രം ഉപയോഗിക്കാന്‍ തീരുമാനിച്ചു.

ഇലകള്‍തിന്നു തിന്നു കുറച്ചു അകലത്തിലായി ചന്ദനും ചന്ദുവും.അവര്‍ ഒറ്റക്കായ തക്കം നോക്കി കുറുക്കന്‍ ചന്ദന്റെ അടുത്തേക്കു പതുങ്ങിച്ചെന്നു പതുക്കെ വിളിച്ചു”ചെങ്ങാതീ....” ചന്ദന്‍ തിരിഞ്ഞു നോക്കി.’ഒരു കുറുക്കന്‍ എന്നെ ചെങ്ങാതീ എന്നു വിളിക്കയോ?’അവന്‍ ചന്തുവിനെ വിളിക്കാന്‍ തിരിഞ്ഞു.പെട്ടന്നു കുറുക്കന്‍ പറഞ്ഞു “അവനെ വിളിക്കണ്ട, ഞാന്‍ എന്റെ ചെങ്ങാതിയായ നിന്നൊടു മാത്രം ഒരു കാര്യം പറയാനാണു വിളിച്ചത്.ഇന്നലെ നിന്റെ കൂട്ടുകാരന്‍ എന്നോടു പറഞ്ഞു നീ ഒരു മണ്ടനാണ്, നിനക്കു ബുദ്ധിയും ഇല്ല, ശക്തിയും ഇല്ല എന്ന്.”

“ഉം..........അവന്‍ അങ്ങനെ പറഞ്ഞോ?”

“അതേ” കുറുക്കന്‍ പറഞ്ഞു.

ചന്ദനു അതു കേട്ടു സങ്കടവും ദേഷ്യവും ഒക്കെ വന്നു .

കുറുക്കന്‍ പറഞ്ഞു,“ഞാന്‍ ഒരു കാര്യം പറയാം, നിങ്ങളില്‍ ആര്‍ക്കാണ് കൂടുതല്‍ ശക്തി എന്നു പരീക്ഷിക്കാം, ഈ കാടിന്റെ നടുവില്‍ ഒരു പാറക്കെട്ടുണ്ട്, നാളെ അതിനു മുകളില്‍ നിന്നു നിങ്ങള്‍ക്കു ശക്തി പരീക്ഷിക്കാം.”ഇതേ സൂത്രം തന്നെ കുറുക്കന്‍ ചന്തുവിനോടും പറഞ്ഞു. രണ്ടുപേരും ഇക്കാര്യം തമ്മില്‍ തമ്മില്‍ ചോദിച്ചു വഴക്കായി.പിണങ്ങി.

പിറ്റേ ദിവസം ചന്ദനും ചന്ദുവും കുറുക്കന്റെ സൂത്രം മനസ്സിലക്കാതെ കാടിനു നടുവിലുള്ള പാറക്കെട്ടില്‍ കയറി ഗുസ്തി പിടിക്കാന്‍ തീരുമാനിച്ചു. ദേഷ്യം മൂത്ത അവര്‍ കാലുകള്‍ തറയില്‍ ഉരച്ചു, വാലുകള്‍ വേഗത്തില്‍ ആട്ടി.ഇതെ സമയം കള്ളകുറുക്കന്‍ ഒളിച്ചിരുന്ന് ഇതൊക്കെ കണ്ടു “താന്‍ പറഞ്ഞ സൂത്രം ഒത്തതിലുള്ള ‘ സന്തോഷത്തില്‍ ഇരിക്കയായിരുന്നു ആ പാറയുടെ താഴെ. കുറുക്കന്‍ നോക്കുന്നതു ചന്ദന്‍ കണ്ടു. ചന്ദനോട് ചന്ദുവിനെ ഇടിക്കാന്‍ കുറുക്കന്‍ കണ്ണു കാണിച്ചു.ചന്ദന്‍ കുറച്ചു പുറകിലേക്കു മാറിയിട്ടു ഓടിവന്നു ശക്തിയായിട്ടു ചന്ദുവിന്റെ നെറ്റിക്കിട്ട് ഒറ്റ ഇടി. രണ്ടുപേരും വാശിയോടേ ഇടിയോടിടി..നെറ്റി മുറിഞ്ഞ് ചോര ഒഴുകാന്‍ തുടങ്ങി.ഈ തക്കം നോക്കി കുറുക്കന്‍ ആടുകളുടെ അടുത്തേക്ക് പതുക്കെ നടന്നടുക്കുന്നുണ്ടായിരുന്നു.പാറയിലൂടെ ഒലിച്ചിറങ്ങുന്ന ചോര നക്കി നക്കി ആയിരുന്നു അവന്റെ വരവ്. ചൂടു ചോരയുടെ രുചി കാരണം അവന്‍ ആടുകളുടെ തൊട്ടടുത്തെത്തിയത് ശ്രദ്ധിച്ചില്ല. കൂടുതല്‍ ശക്തിയായി ഇടിക്കാന്‍ വേണ്ടി ആടുകള്‍ പുറകോട്ടു മാറിയപ്പോള്‍ കുറുക്കന്‍ അവരുടെ നടുവില്‍ എത്തിയിരുന്നു.ശക്തിയായി മുന്നോട്ട് ഓടിവന്ന ആടുകളുടെ ഇടിയേറ്റ് ചതിയനായ കുറുക്കന്റെ തല പൊട്ടി ആടുകളുടെ ചോരയോടൊപ്പം പാറയിലുടെ ഒഴുകി. വേദന എടുത്ത് അലറിയ കുറുക്കന്‍ വിളിച്ചു പറഞ്ഞു.“ഞാന്‍ നിങ്ങളെ തമ്മിലടിപ്പിച്ചു ചോരകുടിക്കാന്‍ നുണ പറഞ്ഞതാണേ” എന്നും പറഞ്ഞു ജീവനും കോണ്ട് ഒറ്റഓട്ടം.വല്ലവരും പറയുന്നതു കേട്ടു നല്ല കൂട്ടുകാരയ നമ്മള്‍ വഴക്കുണ്ടാക്കിയല്ലൊ എന്നു ഓര്‍ത്ത് ചന്ദനും ചന്ദുവും സങ്കടത്തോടെ നോക്കി നിന്നു.

ഇതില്‍ നിന്നും ഒരു കാര്യം എന്റെ പൊന്നു മക്കള്‍ക്കു മനസ്സിലായില്ലെ.സത്യമറിയാതെ തമ്മിലടിക്കരുത്.
ഇഷ്ടമായോ ഈ കഥ.

Read more...

Wednesday, July 2, 2008

ഒരേ ദിവസം ജനിച്ചവര്‍

ഇതു ഞാന്‍ എന്റെ ബ്ലോഗില്‍ ഇട്ടിരുന്നതാണ്.ഇന്നു വീണ്ടും വായിച്ചപ്പോള്‍
എല്ലാ മക്കള്‍ക്കും വേണ്ടി മഷിത്തണ്ടില്‍ ഒന്നുകൂടെ ഇട്ടാലോ എന്നു തോന്നി..നിങ്ങള്‍ കേട്ടതും വായിച്ചതും ഒക്കെ തന്നെയാണല്ലോ ഞാന്‍ പറയുന്ന കഥകളെല്ലാം തന്നെ.
ഈ കഥക്കു ഞാന്‍ ആരോടൊ കടപ്പെട്ടിരിക്കുന്നു.....
ഓര്‍മ്മ വരുന്നില്ല.

കാക്കകള്‍ക്കും ചിത്രശലഭങ്ങള്‍ക്കും ബന്ധമുണ്ടന്നു ഒരു കുട്ടി കണ്ടു പിടിച്ചു.
ഒരേ ദിവസം ജനിച്ചവര്‍.

ആകാശത്തില്‍ മേഘവും മഴവില്ലും തമ്മില്‍ സൌന്ദര്യത്തെ ചൊല്ലി വഴക്കുണ്ടായി.അടി പിടി ആയി.
വഴക്കുതീര്‍ക്കാന്‍ ദൈവം ആവുന്നതും ശ്രമിച്ചു.എന്നിട്ടും പൊരിഞ്ഞയടി..സഹികെട്ട ദൈവം, ശപിച്ചു.
"ഭൂമിയിലേക്ക് പൊയ്ക്കോളീന്‍.."

ഭൂമിയിലേക്കു പതിക്കുബോള്‍ മേഘം പൊടിഞ്ഞു കാക്കകള്‍ ആയി,മഴവില്ലു പൊടിഞ്ഞു ചിത്രശലഭങ്ങളും..
വ്യത്തിയും, സൌന്ദര്യവും ഭൂമിയ്ക്ക് നല്കിക്കൊണ്ട് അവര്‍ ഇവിടെയിങ്ങനെ പറന്നു നടക്കുന്നു.

നല്ല കഥ അല്ലേ എന്റെ കുഞ്ഞു മക്കളേ.അപ്പോള്‍ ഇനി ഞാറാഴ്ച കാണാം.

Read more...